Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് പവർ കട്ടിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിലെ അമിത വർധനവും കാരണം ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്. വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം നടപ്പിലാക്കേണ്ടി വരുമെന്നാണ് അറിയിപ്പ്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടുമാണ് വൈദ്യുതി ഉപയോഗം വലിയ രീതിയിൽ വർധിപ്പിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം 400 മുതൽ 500 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

രാജ്യത്തൊട്ടാകെ വൈദ്യുതി ആവശ്യകത ഉയർന്നതോടെ, സാധാരണയായി പവർ എക്സ്ചേഞ്ച് വഴി വാങ്ങിയിരുന്ന അധിക വൈദ്യുതിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടായാൽ മാത്രമായിരിക്കും ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തുക.

Exit mobile version