Site icon Fourteen Kerala – 14 Kerala News

ചെലവ് കൂട്ടരുത്, ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി, വകുപ്പുകൾക്ക് ധനവകുപ്പ് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ കർശന നിർദേശം. അടുത്ത ബജറ്റിന്റെ മുന്നൊരുക്കങ്ങൾക്കായി പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശങ്ങൾ.പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്ന് വ്യക്തമായി പറയുന്നു.

സാമ്പത്തിക നേട്ടമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണികൾ അടുത്ത വർഷത്തേക്ക് മാറ്റണം. അത്യാവശ്യമല്ലാത്ത ചെലവുകൾ പരമാവധി കുറയ്ക്കാനും നിർദേശമുണ്ട്.അതേസമയം അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. പകരം പുതായി വരുന്ന ഒഴിവുകളിലേക്ക് നിയമനം നടത്താമെന്നും സർക്കുലറിൽ പറയുന്നു.

ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. മുൻവർഷത്തെ അപേക്ഷിച്ച് ഏതെങ്കിലും വകുപ്പിന്റെ ചെലവ് കൂടിയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം വിശദമായി വിശദീകരിക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഓരോ വകുപ്പും ചെലവുകൾ അഴിച്ചു പണിയണമെന്നാണ് സർക്കാരിന്റെ നിലപാട്. പുതിയ പദ്ധതികൾക്ക് പകരം നിലവിലുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഊന്നൽ നൽകാനും നിർദേശമുണ്ട്.

യുഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ തന്നെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനായി ധവളപത്രവും സർക്കാർ പുറത്തിറക്കി. മുൻ സർക്കാരിന്റെ അമിത കടമെടുപ്പിനെ വിമർശിച്ച പ്രതിപക്ഷ നേതാവായിരുന്ന സതീശൻ ഇപ്പോൾ മുഖ്യമന്ത്രിയായതിന് ശേഷം ഇതുവരെ 4 തവണകളിലായി ഏകദേശം പതിനായിരം കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ട്.വരുമാനം കുറയുകയും ബാധ്യതകൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചെലവ് നിയന്ത്രിക്കാനുള്ള പുതിയ തീരുമാനം.

Exit mobile version