തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ എസ്.എഫ്.ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ അട്ടിമറിയിൽ ഉത്തരവാദിത്തമുള്ള കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും എൻ.ടി.എ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്.
ദില്ലിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെയും യുവജനങ്ങളെയും നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള പൊലീസും ഗുണ്ടകളും അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചും എസ്.എഫ്.ഐ ബന്ദ് നടത്തുന്നു.ഇതിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിദ്യാർത്ഥികളും, ബഹുജനങ്ങളും വിദ്യാഭ്യാസ ബന്ദിൽ അണിചേരണമെന്ന് എസ്.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് അറിയിച്ചു.
സമരത്തിന് പിന്തുണയുമായി ഇടതു സംഘടനകളും രംഗത്തുണ്ട്. കേന്ദ്രത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
