Site icon Fourteen Kerala – 14 Kerala News

പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു

കൊച്ചി: നഗരത്തിൽ വീണ്ടും നായയുടെ ഭീകരആക്രമണം; താലൂക്ക് ആശുപത്രിയുടെ വരാന്തയിൽ വെച്ച് മകനൊപ്പം എത്തിയ സ്ത്രീയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കൊച്ചി കരുവേലിപ്പടിയിലെ കൊച്ചി മുനിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന്റെ രക്തപരിശോധനയ്ക്കായി എത്തിയ ലീനയ്ക്കാണ് കടിയേറ്റത് .

പനി ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന മകന്റെ പരിശോധനാ ഫോളോ അപ്പിനായാണ് ലീന എത്തിയത്. ആശുപത്രിയുടെ വരാന്തയിലൂടെ നടന്നുപോകുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ തെരുവ് നായ ചാടിവീണ് ലീനയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ ഉടൻ തന്നെ ലീനയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കൊച്ചി മുനിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രി വരാന്തകളിലും പരിസരത്തും തെരുവ് നായകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഗുരുതരമായ ഇത്തരം സുരക്ഷാ വീഴ്ചകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം, കഴിഞ്ഞ ഞായറാഴ്ച്ച മലപ്പുറം മേലാറ്റൂർ അത്താണിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെ തെരുവ് നായ്ക്കൾ പാഞ്ഞടുത്തിരുന്നു . നായ്ക്കളെ കണ്ടതും കുട്ടി ഓടി വീട്ടിനുള്ളിൽ കയറിയതിനാലാണ് അപകടം ഒഴിവായത്.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ നായ്ക്കളെ അടിച്ചോടിക്കുകയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം നിരോധിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version