തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെമ്പായം സ്വദേശി നവാസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ, അനീഷ് എന്നിവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ തീകൊളുത്തിയ അനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലെ എസി ഹാളിലായിരുന്നു സംഭവം. എട്ടംഗ സംഘം മദ്യപിച്ചിരുന്ന മേശയിലേക്ക് എത്തിയ അനീഷ് ഇവർക്കൊപ്പം ചേരുകയും തുടർന്ന് വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.
തർക്കം രൂക്ഷമായതോടെ ബാറിൽ നിന്നിറങ്ങിപ്പോയ അനീഷ് അരമണിക്കൂറിന് ശേഷം കന്നാസിൽ പെട്രോളുമായാണ് തിരിച്ചെത്തിയത്. തുടർന്ന് ഇരച്ചെത്തിയ അനീഷും സംഘവും തമ്മിൽ പിടിവലിയുണ്ടാവുകയും പെട്രോൾ മറ്റുള്ളവരുടെ ദേഹത്തേക്ക് ഒഴിച്ച ശേഷം തീകൊളുത്തുകയുമായിരുന്നു.
ഇതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു. മുപ്പതോളം പേർ ഉണ്ടായിരുന്ന എസി ഹാളിൽ പെട്ടെന്ന് തീ ആളിപ്പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ബാറിനുള്ളിലെ സോഫയിലേക്കും മറ്റും പടർന്ന തീ അണച്ചത്.
