Site icon Fourteen Kerala – 14 Kerala News

വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ്

തൃശൂർ: നിയമനങ്ങളിൽ ഉണ്ടായ ശ്രദ്ധക്കുറവ് ചൂണ്ടിക്കാട്ടിയതിന് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്‌യു പ്രസ്ഥാനത്തെ അപമാനിച്ചെന്ന് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

നിയമനങ്ങളിലെ പിഴവുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു കെഎസ്‌യുവിന്റെ ലക്ഷ്യമെന്ന് ഗോകുൽ ഗുരുവായൂർ പറഞ്ഞു. “കെഎസ്‌യു ഉന്നയിച്ച വിഷയം പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും” എന്ന് രണ്ട് വരിയിൽ അവസാനിപ്പിക്കേണ്ട കാര്യമാണ് മുഖ്യമന്ത്രി മറ്റ് തലങ്ങളിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ അത് തിരുത്തുന്നതിന് പകരം ശ്രദ്ധ ക്ഷണിച്ചവർക്കും പരാതി പറഞ്ഞവർക്കും എതിരെ മുഖം തിരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പരാതി പറയുമ്പോൾ ‘ആര്, എന്ത്, അവർക്കെന്ത് കാര്യം’ എന്നുള്ള ധിക്കാര സ്വരം ആകരുത്” എന്നും ഗോകുൽ ഗുരുവായൂർ കുറിപ്പിൽ വ്യക്തമാക്കി.

നിലവിലെ വിവാദങ്ങൾക്ക് കാരണം “തനിക്ക് മുകളിൽ ആരുമില്ല” എന്ന അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു. “വിഷയം ഇത്രയേറെ വഷളാക്കിയത് താനെന്ന പോയിമയും, തനിക്ക് മുകളിൽ ആരുമില്ലെന്ന അഹങ്കാരവുമാണ്. അത് പറയാതിരിക്കാൻ വയ്യ” എന്ന് ഗോകുൽ ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചു.

നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നടക്കുന്ന നിയമനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നത് പ്രസ്ഥാനത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും, അതിനെ അപമാനമായി കാണുന്ന സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്‌യു സംസ്ഥാന നേതൃത്വം നേരത്തെ തന്നെ നിയമനങ്ങളിലെ അനാസ്ഥയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമുണ്ടായതെന്നാണ് ജില്ലാ പ്രസിഡന്റിന്റെ ആരോപണം.

Exit mobile version