Site icon Fourteen Kerala – 14 Kerala News

ഉമ്മൻ ചാണ്ടി സർ ഇരുന്ന കസേരയാണിത്, അദ്ദേഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു’; വികാരഭരിതനായി വി.ഡി സതീശൻ

തിരുവനന്തപുരം: ജനഹൃദയങ്ങൾ കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ വികാരഭരിതമായ ഓർമ്മക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരത്തെ ജഗതിയിലുള്ള ‘പുതുപ്പള്ളി ഹൗസ്’ മുതൽ കോട്ടയത്തെ പുതുപ്പള്ളി പള്ളിയിലേക്കുള്ള ആ വിലാപയാത്ര ജനസാഗരത്താൽ നിർഭരമായിരുന്നതും, ആ യാത്രയിൽ ഉടനീളം താൻ പങ്കാളിയായതും വി.ഡി സതീശൻ ഓർത്തെടുത്തു.

ഒരു ഭരണാധികാരിയെന്ന നിലയിലും നേതാവെന്ന നിലയിലും ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് നൽകിയ ഉറപ്പ് ചെറുതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കേരള രാഷ്ട്രീയത്തിൽ ‘ഉമ്മൻ ചാണ്ടി’ എന്ന പേര് ഒരു പ്രതിഭാസമാണ്. ആർക്കും എപ്പോഴും പ്രാപ്യനായ ഒരു നേതാവ്. ഭരണസിരാകേന്ദ്രത്തിന്റെ പടിവാതിൽക്കൽ സാധാരണക്കാരന് ഉമ്മൻ ചാണ്ടി നൽകിയ അത്രയും വലിയ സ്വീകാര്യത മറ്റൊരു നേതാവും നൽകിയിട്ടുണ്ടാകില്ല.

പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും ഒരു മലയാളിക്ക് വിളിക്കാവുന്ന രക്ഷാകവചമായിരുന്നു അദ്ദേഹം,”- വി.ഡി സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുമ്പോൾ മുൻപ് ആ പദവി അലങ്കരിച്ച ഉമ്മൻ ചാണ്ടിയുടെ മാതൃക പിന്തുടരാനാണ് താൻ ശ്രമിക്കുന്നതെന്ന് സതീശൻ വ്യക്തമാക്കുന്നു.

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും പഠിപ്പിച്ചത് അദ്ദേഹമാണ്. ആ ജനസമ്പർക്ക ശൈലി പൂർണ്ണമായി അനുകരിക്കാൻ ആർക്കും കഴിയില്ലെങ്കിലും, തന്നെ തേടിയെത്തുന്ന നിരാലംബരായ മനുഷ്യർക്ക് മുന്നിൽ ഒരു ‘ഉമ്മൻ ചാണ്ടി’യാകാൻ ശ്രമിക്കുക എന്നത് ഈ കാലഘട്ടത്തിൽ തന്റെ വലിയ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയുന്നതായും സതീശൻ കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ സംസ്ഥാന വ്യാപകമായി വിപുലമായ അനുസ്മരണ പരിപാടികളാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.

Exit mobile version