തിരുവനന്തപുരം : മീൻ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരങ്ങൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.
വലിയതുറ പുന്നവിളാകം സ്വദേശികളായ ദീപു അഥവാ അജിത് (37), സ്റ്റെല്ലസ് (40) എന്നിവരെയാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. സുധാകാന്ത് ശിക്ഷിച്ചത്. വലിയതുറ വേളാങ്കണ്ണി ജങ്ഷൻ സ്വദേശി ജോൺസനാണ് കൊല്ലപ്പെട്ടത്. ഓരോ പ്രതിയും 50,000 രൂപ വീതം പിഴയും ഒടുക്കണം.
പിഴത്തുക ജോൺസന്റെ ഭാര്യക്കും മക്കൾക്കും നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. 2013 ജനുവരി 27-ന് രാത്രി 9.30-ഓടെ വലിയതുറ സുനാമി ജങ്ഷന് സമീപമായിരുന്നു കൊലപാതകം നടന്നത്. വലിയതുറയിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന മീൻ പ്രതികൾ എടുക്കാൻ ശ്രമിച്ചത് ജോൺസൺ തടഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
മാരകായുധങ്ങളുമായെത്തിയ പ്രതികളിൽ ദീപു കത്തികൊണ്ട് ജോൺസന്റെ വയറ്റിൽ കുത്തുകയും, സ്റ്റെല്ലസ് മൂർച്ചയുള്ള സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജോൺസൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി നാലിന് മരണപ്പെട്ടു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. പ്രവീൺകുമാർ ഹാജരായി. ദീർഘമായ വാദങ്ങൾക്കും തെളിവുകൾ പരിശോധിച്ചതിനും ശേഷമാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
