എറണാകുളം : അങ്കമാലിയിൽ മദ്യലഹരിയിലായ യുവാക്കളുടെ പരാക്രമം. റോഡിന് കുറുകെ ബൈക്ക് നിർത്തി സ്വകാര്യ ബസും ആംബുലൻസും തടഞ്ഞ് ഗതാഗത തടസ്സമുണ്ടാക്കിയ യുവാക്കൾ യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു.
അങ്കമാലിയിൽ നിന്ന് മുന്നൂർപ്പിള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് യുവാക്കൾ തടഞ്ഞുനിർത്തി ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു.ഇതിനിടയിൽ അതുവഴിയെത്തിയ ആംബുലൻസും യുവാക്കൾ തടഞ്ഞുവെച്ചു. നാട്ടുകാർ സ്ഥലത്ത് എത്തിയതോടെയാണ് യുവാക്കൾ ബൈക്ക് മാറ്റി വാഹനങ്ങൾക്ക് പോകാൻ വഴിയൊരുക്കിയത്.
സംഭവത്തിൽ അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബസ് തടഞ്ഞതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ബസിലുണ്ടായിരുന്ന യാത്രക്കാർ കടുത്ത ആശങ്കയിലാവുകയും ചെയ്തു.
