Site icon Fourteen Kerala – 14 Kerala News

നെഞ്ചുവേദനയുമായി എത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം; രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി കെ.മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി എത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി. രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.

രോഗിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല. മുന്‍ എംഎല്‍എയുടെ ശിപാര്‍ശ പ്രകാരമാണ് സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചത്. ഏതെങ്കിലും തരത്തിലുള്ള പിഴവുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡിഎച്ച്എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നെയ്യാറ്റിന്‍കര കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ ക്യൂവില്‍ നിര്‍ത്തിയെന്നാണ് പരാതി.ആദ്യഘട്ടത്തിൽ മൃതദേഹം ബന്ധുക്കൾ സ്വീകരിച്ചിരുന്നില്ല. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായി.

അതേസമയം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ജീവനക്കാരുടെ അനാസ്ഥയെന്ന വിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ് ഹസന്‍.നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി കൂടിയായ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

അങ്ങേയറ്റം വേദനാജനകമായ വാര്‍ത്ത. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നെഞ്ച് വേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്നും നിമിഷങ്ങള്‍ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണ്.

ഏറ്റവും അടിയന്തിരമായി എമര്‍ജന്‍സി വിഭാഗത്തിലും ഐസിയുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കേണ്ടതായിരുന്നു. ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്. അവസാനത്തെ വാചകമാണ് രസകരം. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യു കുറിപ്പ് നല്‍കിയത്രെ. ഒരു ജനറല്‍ ആശുപത്രിയിലാണ് സംഭവം.ഹൃദയ സ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് റഫറല്‍ ലെറ്റര്‍ നല്‍കുന്നു. ഒരു മണിക്കൂര്‍ എടുക്കും മെഡിക്കല്‍ കോളജില്‍ എത്താന്‍. സീരിയസ് രോഗികളെ അങ്ങനെയല്ല റഫര്‍ ചെയ്യേണ്ടത്. ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാണ്.

Exit mobile version