Site icon Fourteen Kerala – 14 Kerala News

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണമൊരുക്കണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു. പെൺകുട്ടിയെ തന്നിരിക്കുന്ന ഫോൺ നമ്പറിലോ വിലാസത്തിലോ കണ്ടെത്താൻ കഴിയുന്നില്ലെന്ന സർക്കാരിന്റെ വിശദീകരണത്തെ തുടർന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി.

ലഭ്യമായ വിവരങ്ങൾ വെച്ച് പെൺകുട്ടിയെ കണ്ടെത്താനായില്ലെന്നും, ഇത് പെൺകുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇനി പെൺകുട്ടി നേരിട്ടെത്തി ആവശ്യപ്പെട്ടാൽ മാത്രം സംരക്ഷണം നൽകാമെന്ന് കോടതി വ്യക്തമാക്കി.

ഭീഷണിയുണ്ടെന്നും ജീവന് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് മൊണാലിസ ഭോസ്‌ലെ നൽകിയ ഹർജിയിൽ കഴിഞ്ഞ ജൂൺ 19 മുതലായിരുന്നു കോടതി നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് ഇവർക്കും ഭർത്താവ് മുഹമ്മദ് ഫർമാനും സംരക്ഷണം നൽകിയിരുന്നത്.

അതേസമയം, മൊണാലിസയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാൻ പ്രതിയാണ്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 16 വയസ്സ് മാത്രമാണ് പ്രായമെന്നും മധ്യപ്രദേശ് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

ജനന സർട്ടിഫിക്കറ്റ് നേടാനായി വ്യാജരേഖകൾ ചമച്ചതായും ആശുപത്രി രേഖകളുമായി ഇതിന് പൊരുത്തക്കേടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ വിവാഹം അസാധുവാണെന്നാണ് മധ്യപ്രദേശ് പോലീസിന്റെ വാദം. മൊണാലിസ നൽകിയ ഹർജി ഈ മാസം 21-ന് കോടതി വീണ്ടും പരിഗണിക്കും.

Exit mobile version