തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞതോടെ വില 1,05,960 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ വിലക്കുറവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും, വിപണിയിൽ ആശങ്കയും ബാക്കിനിൽക്കുന്നുണ്ട്.
അമേരിക്ക-ഇറാൻ സംഘർഷങ്ങൾ രൂക്ഷമായാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയരാൻ സാധ്യതയുണ്ട്. അതിനാൽ സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോ എന്ന കാര്യം കണ്ടറിയണം.ആഗോള വിപണിയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കാറുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിൽ വില കൂടിയാലും കേരളത്തിൽ ഉടൻ വർധനവുണ്ടാകണമെന്നില്ല എന്നതാണ് നിലവിലെ വിപണിയിലെ പ്രത്യേകത.
സ്വർണത്തിന് പുറമെ 18 കാരറ്റ് സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയായി. വെള്ളി വില ഗ്രാമിന് 245 രൂപയും, പത്ത് ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ നിരക്ക്.ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത് എന്നതിനാൽ തന്നെ, ഇത്തരം വില വ്യതിയാനങ്ങൾ കേരളത്തിലെ ജനങ്ങൾ ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.
