തിരൂർ: നഗരസഭയിൽ ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്നാരോപിച്ച് പരാതി പറയാനെത്തിയ വയോധികൻ വാർഡ് കൗൺസിലർക്കുനേരെ കത്തിവീശി ഭീഷണി മുഴക്കി. തിരൂർ നഗരസഭയിലെ 36-ാം വാർഡ് കൗൺസിലർ ഗീത പള്ളിയേരിയെയാണ് കെ.ജി.പടി സ്വദേശി ചെമ്പഞ്ചേരി കൃഷ്ണൻകുട്ടി ആക്രമിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ നഗരസഭാ ഓഫീസിലായിരുന്നു സംഭവം.
നഗരസഭാ ഓഫീസിലുള്ള യുവാക്കൾ ഇയാളിൽനിന്ന് കത്തി പിടിച്ചെടുത്ത് പിന്നീട് തിരിച്ചയച്ചു. ഭാര്യ മരിച്ചുപോയതിനാൽ തനിച്ചാണ് കൃഷ്ണൻകുട്ടി താമസിക്കുന്നത്. വീട്ടിൽ കിണറില്ലാത്തതിനാൽ വർഷങ്ങളായി കുടിവെള്ളത്തിന് പ്രയാസം നേരിടുന്നുണ്ട്. നഗരസഭയിൽ പലതവണ പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റുപോലും ലഭിക്കുന്നില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
വീടിന് സംരക്ഷണമതിൽ കെട്ടാൻ പണത്തിനായി നഗരസഭാ ഓഫീസിനു മുൻപിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. ഒടുവിൽ ഭിത്തികെട്ടാൻ 2,40,000 രൂപ അനുവദിച്ചെങ്കിലും ഇതേവരെ പണം കിട്ടിയിട്ടില്ലെന്നും കൃഷ്ണൻകുട്ടി പരാതിപ്പെട്ടു.
എന്നാൽ കുടിവെള്ളപദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷാഫോം വാങ്ങാൻ നഗരസഭയിലെത്താൻ കൃഷ്ണൻകുട്ടിയോട് പറഞ്ഞുവെന്നും ഓഫീസിലെത്തിയ ഇയാൾ പ്രകോപിതനായി തനിക്കെതിരേ കത്തിവീശുകയായിരുന്നുവെന്നും വാർഡ് കൗൺസിലർ ഗീത പള്ളിയേരി പറഞ്ഞു. നഗരസഭാ ഓഫീസിൽ കത്തിയുമായെത്തി അതിക്രമം കാട്ടിയതിന് കൃഷ്ണൻകുട്ടിക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് നഗരസഭാ സെക്രട്ടറി പി.എ. ജസ്റ്റിൻ പറഞ്ഞു.
