ഇസ്ലാമാബാദ്: സിന്ധു ജല ഉടമ്പടി (IWT) പ്രകാരം ഇസ്ലാമാബാദിന്റെ ജലവിഹിതം അവകാശപ്പെടാൻ ശ്രമിച്ചവരുടെ കൈകൾ വെട്ടിക്കളയുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി. പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രിയുടേതാണ് ഭീഷണി.
2025 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള ജലവിഭജന കരാർ ഇന്ത്യ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഈ വിഷയത്തിലാണ് വീണ്ടും പ്രതികരണം ഉണ്ടായിട്ടുള്ളത്.
പാകിസ്ഥാന്റെ ജലവിഹിതം ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച മാലിക് തങ്ങളുടെ ജലവിഹിതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.
പാകിസ്ഥാനിലെ ജനസംഖ്യയുടെ 40-50 ശതമാനം പേരും ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നുവെന്നിരിക്കെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ മുഴുവനായും, രാജ്യത്തെ തൊഴിലിന്റെ 50 ശതമാനവും, സമ്പദ്‌വ്യവസ്ഥയുടെ 25 ശതമാനവും നിയന്ത്രിക്കാൻ മറ്റൊരാൾ ശ്രമിക്കുകയാണെന്നും മാലിക് ആരോപിച്ചു.
ആരെങ്കിലും പാകിസ്ഥാന് അവകാശപ്പെട്ട വെള്ളം തടയാൻ ശ്രമിക്കുകയാണെങ്കിൽ അതിൻ്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് പാകിസ്ഥാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.അതേസമയം, സിന്ധു നദീജല ഉടമ്പടി നിയമപരമായി ബാധകമാണെന്നും താൽക്കാലികമായി നിർത്തിവയ്ക്കാനോ റദ്ദാക്കാനോ ഏകപക്ഷീയമായി ഭേദഗതി ചെയ്യാനോ കഴിയില്ലെന്നും പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാറും വാദിച്ചു. ഉടമ്പടി പ്രകാരം പാകിസ്ഥാനിലെ ജനങ്ങൾക്ക് സിന്ധു ജലപാതകളിൽ അവകാശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടുത്ത ഒന്നര മുതൽ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ സിന്ധു നദീജലത്തിന്റെ വിഹിതം പൂർണമായും വിനിയോഗിക്കുമെന്നും ഒരു തുള്ളി പോലും പാകിസ്ഥാനിലേക്ക് ഒഴുക്കില്ലെന്നും കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ. പാട്ടീൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്നുള്ള പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നത്.
