Site icon Fourteen Kerala – 14 Kerala News

100-ൽ 54 ചോദ്യങ്ങളുടെയും ഉത്തരം ‘B’; പിഎസ്‌സി പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന് പരാതി, പരീക്ഷ റദ്ദാക്കാൻ ആവശ്യം

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ പരീക്ഷയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി ഉദ്യോഗാർത്ഥികളുടെ പരാതി. ഈ മാസം 18-ന് നടന്ന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിലാണ് വലിയ അസ്വാഭാവികതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുൻകൂട്ടി അറിയിക്കാതെ സിലബസ് മാറ്റിയെന്നും ചിലരെ സഹായിക്കാൻ വേണ്ടി പരീക്ഷയിൽ തിരിമറി നടത്തിയെന്നുമാണ് ആരോപണം.

വർഷങ്ങളായി ഈ തസ്തികയിലേക്ക് ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽ നോളജ് എന്നീ വിഷയങ്ങളാണ് ചോദിക്കാറുള്ളത്. എന്നാൽ ഇത്തവണ ഉദ്യോഗാർത്ഥികളെ അറിയിക്കാതെ ജനറൽ നോളജ് പൂർണ്ണമായും ഒഴിവാക്കി കൊമേഴ്‌സ് ഉൾപ്പെടുത്തി. പരീക്ഷാ ഹാളിൽ എത്തിയപ്പോഴാണ് ഉദ്യോഗാർത്ഥികൾ ഈ മാറ്റം അറിയുന്നത്.

പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പുറത്തുവന്നപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ആകെ ചോദിച്ച 100 ചോദ്യങ്ങളിൽ 54 ചോദ്യങ്ങളുടെയും ഉത്തരം ‘ബി’ (Option B) ആണ്. ഇത് ചില പ്രത്യേക ഉദ്യോഗാർത്ഥികളെ സഹായിക്കാൻ വേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.റിസർച്ച് ഓഫീസർ തസ്തികയിലേക്ക് എന്തിനാണ് കൊമേഴ്‌സ് വിഷയം ഉൾപ്പെടുത്തിയതെന്ന ചോദ്യവും ഉദ്യോഗാർത്ഥികൾ ഉയർത്തുന്നുണ്ട്. പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതിനാൽ ഇത് റദ്ദാക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയർമാനും പരാതി നൽകിയിട്ടുണ്ട്.

Exit mobile version