Site icon Fourteen Kerala – 14 Kerala News

ഭാര്യയുടെ മരണം താങ്ങാനായില്ല; സംസ്കാരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഭർത്താവും യാത്രയായി

കൊച്ചി : മരണത്തിനും തോൽപ്പിക്കാനാവാത്ത പ്രണയത്തിന്റെ സാക്ഷ്യമായി മാറുകയാണ് കോട്ടുവള്ളിയിലെ ഈ വിയോഗം. എഴുപത് വർഷത്തെ ദാമ്പത്യം പൂർത്തിയാക്കിയ ദമ്പതികൾ ഒരേ ദിവസം വിടപറഞ്ഞത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

കോട്ടുവള്ളി പള്ളിക്ക് സമീപം കൊപ്പറമ്പ് റോഡിലെ കുന്നവീട്ടിൽ ദേവസ്സി ജോസഫ് (89), ഭാര്യ ഫിലോമിന ജോസഫ് (85) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ഫിലോമിനയുടെ അന്ത്യം. വൈകുന്നേരം നാല് മണിക്ക് സംസ്കാരം നിശ്ചയിച്ചിരുന്നെങ്കിലും സംസ്കാര ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ വൈകിട്ട് 3.30ഓടെ ദേവസ്സി ജോസഫും അന്തരിച്ചു.

തുടർന്ന് ഇരുവരുടെയും സംസ്കാരം കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തി. ജീവിതം മുഴുവൻ ഒന്നിച്ച് നടന്ന ദമ്പതികൾ അവസാന യാത്രയും ഒന്നിച്ചായതിന്റെ വികാരഭരിതമായ കാഴ്ചയായിരുന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും ബാക്കിയായത്.
മക്കൾ: ലോറൻസ് (കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ചെമ്മദോർ), സെബാസ്റ്റ്യൻ (ബിസിനസ്), സീന, ആന്റണി (ബിസിനസ്). മരുമക്കൾ: റൈസി (റിട്ട. അധ്യാപിക), സൂസിൻ, ജിഫിൻ, വിജിത.

Exit mobile version