Site icon Fourteen Kerala – 14 Kerala News

സിംബാബ്‌വെയിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് ദാരുണാപകടം; രണ്ട് കുട്ടികളടക്കം ഒമ്പത് മരണം

ഹരാരെ : സിംബാബ്‌വെയിൽ ബസും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ രണ്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റതായി സിംബാബ്‌വെ പൊലീസും റെയിൽവേ അധികൃതരും സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. രാജ്യത്തിന്റെ തെക്കൻ നഗരമായ ട്രയാംഗിളിലെ റെയിൽവേ ക്രോസിങ്ങിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ചരക്ക് ട്രെയിൻ പാത മുറിച്ചുകടക്കുകയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ബസ് ഡ്രൈവർ റെയിൽവേ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായും ട്രാക്കുകൾ മുറിച്ചുകടക്കുന്നതിന് മുമ്പ് ട്രെയിനുകൾ വരുന്നത് ശ്രദ്ധിച്ചില്ലെന്നും സിംബാബ്‌വെ നാഷണൽ റെയിൽവേ വക്താവ് ആൻഡ്രൂ കാനംബുര പ്രസ്താവനയിൽ പറഞ്ഞു.

മധ്യ സിംബാബ്‌വെയിൽ സ്കൂൾ കുട്ടികളുമായി വന്ന മിനിബസിന് തീപിടിച്ച് ഏഴ് പേർ കൊല്ലപ്പെട്ട് ഒരു ആഴ്ച തികയുന്നതിനു മുമ്പാണ് വീണ്ടും രാജ്യത്ത് ബസ് അപകടം ഉണ്ടായത്. സിംബാബ്‌വെയിൽ റോഡപകടങ്ങൾ സാധാരണമാണ്. ഓരോ 15 മിനിറ്റിലും ഒരു വാഹനാപകടം സംഭവിക്കുന്ന ഇവിടെ, പ്രതിദിനം ശരാശരി അഞ്ച് പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുവെന്ന് രാജ്യത്തെ റോഡ് സുരക്ഷാ ഏജൻസി പറയുന്നു.

Exit mobile version