തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയുമായി റോഡിൽ വെച്ച് തർക്കമുണ്ടായ സംഭവത്തിൽ ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൽ.എച്ച്. യദുവിന് പുതിയ ജോലി. നിയമസഭയിലെ ജീവനക്കാരെ കൊണ്ടുപോകുന്ന ബസിന്റെ താൽക്കാലിക ഡ്രൈവറായാണ് യദുവിനെ നിയമിച്ചത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ഈ നിയമനത്തെ തുടർന്ന് യദു കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു. യുഡിഎഫ് സർക്കാരിന്റെ ഇടപെടലോടെയാണ് യദുവിന് പുതിയ താൽക്കാലിക നിയമനം ലഭിച്ചത്.
ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നല്ല യദുവിനെ കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയതെന്നായിരുന്നു അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വിശദീകരണം. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കിടെ യദു തുടർച്ചയായി ആറ് മണിക്കൂറോളം ഇയർ ഫോൺ വെച്ച് ഒരാളോട് ഫോണിൽ സംസാരിച്ചതായും, സിറ്റി പൊലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെഎസ്ആർടിസി സിഎംഡിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് അന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയത്.
2024 ഏപ്രിൽ 27-നാണ് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സംഭവം നടക്കുന്നത്. തിരുവനന്തപുരം പാളയത്ത് വെച്ച് രാത്രിയിൽ മേയർ ആര്യയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച സ്വകാര്യ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടയുകയും, തുടർന്ന് ഡ്രൈവർ യദുവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് മേയറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് ആദ്യം കേസെടുത്തു. പിന്നീട് യദു കോടതിയെ സമീപിച്ചതോടെയാണ് ആര്യയ്ക്കും സച്ചിൻ ദേവിനുമെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായത്.
എന്നാൽ കേസിൽ പിന്നീട് പൊലീസ് സമർപ്പിച്ച കുറ്റപത്രം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ്, ആര്യയുടെ ബന്ധുവായ സ്ത്രീ എന്നിവരെ പൂർണ്ണമായി ഒഴിവാക്കി ആര്യയുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സീബ്ര ലൈനിൽ വാഹനം നിർത്തിയിട്ട് യാത്ര തടഞ്ഞു എന്ന കുറ്റം മാത്രമാണ് അരവിന്ദിനെതിരെ ചുമത്തിയത്.
ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചതിനെ പ്രതിരോധിക്കുക മാത്രമാണ് മേയറും എംഎൽഎയും ചെയ്തതെന്നും, ഒരു കുറ്റകൃത്യം തടയാൻ ശ്രമിച്ചതിനെ കുറ്റമായി കാണാനാകില്ലെന്നുമായിരുന്നു പൊലീസിന്റെ വിചിത്രമായ വാദം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറ്റപത്രം തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
