Site icon Fourteen Kerala – 14 Kerala News

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാളെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് പ്രശസ്തനാകണം എന്ന് പറഞ്ഞാണ് ഇയാൾ ഫോൺ ചെയ്തതെന്നാണ് വിവരം. ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

പൊലീസ് സിറ്റി കമാൻഡ് സെന്ററിലേക്ക് (കൺട്രോൾ റൂം) മൂന്ന് തവണയാണ് പ്രതി ഫോണിൽ വിളിച്ചത്.മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഫോണിലൂടെ കടുത്ത അസഭ്യവർഷം നടത്തി. മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്ന് ചോദിച്ച് പരിഹസിച്ചു.

മുമ്പും സമാനമായ രീതിയിൽ ഇയാൾ പലയിടത്തേക്കും വ്യാജ ഫോൺ കോളുകൾ ചെയ്തിട്ടുണ്ടെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷമായിരിക്കും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version