Site icon Fourteen Kerala – 14 Kerala News

പൂച്ചക്കണ്ണിൽ തെളിയുമോ കപ്പടിപ്പൂരം? പോൾ നീരാളിക്ക് പിൻഗാമി; പ്രവചന ലോക കീഴടക്കാൻ ‘നിമ്പസ്’ പൂച്ച

2010-ലെ ലോകകപ്പിൽ കൃത്യമായ പ്രവചനങ്ങൾ നടത്തി ആഗോളതലത്തിൽ തരംഗമായ ‘പോൾ’ എന്ന നീരാളിയെ കായികപ്രേമികൾക്ക് അത്രപെട്ടെന്ന് മറക്കാനാകില്ല. അന്ന് സെമി ഫൈനൽ മത്സരഫലങ്ങൾ കൃത്യമായി പ്രവചിച്ചതോടെയാണ് പോൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്. പോളിന് ശേഷം പിന്നീടുള്ള ലോകകപ്പുകളിൽ എലി, ആമ, ഒട്ടകം എന്നിവയും, ചീട്ടെടുക്കുന്ന തത്തയും പ്രാവും വരെയൊക്കെ കളിക്കളത്തിലെ ‘പ്രവചനസിംഹങ്ങളായി’ കൗതുകം നിറച്ചു.

സാങ്കേതികവിദ്യയും എഐയും ഭരിക്കുന്ന ആധുനിക കാലത്തും ഇത്തരം പ്രവചനങ്ങൾക്ക് ഫുട്ബോൾ ലോകത്ത് യാതൊരു കുറവുമില്ല. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് ‘നിമ്പസ് പ്രോനോസ്’ എന്ന പ്രവചന പൂച്ചയാണ്. ആഫ്രിക്കൻ നേഷൻസ് കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് എന്നിവയിലെ മത്സരഫലങ്ങൾ കൃത്യമായി പ്രവചിച്ചതോടെയാണ് ഈ പൂച്ച ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനായത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ചര ലക്ഷത്തോളം ഫോളോവേഴ്സാണ് നിമ്പസിനെ പിന്തുടരുന്നത്.

ടീമുകളുടെ പേരിനോ പതാകയ്ക്കോ മുന്നിൽ വയ്‌ക്കുന്ന ഭക്ഷണം കഴിക്കുന്നത്‌ നോക്കിയാണ്‌ പ്രവചനം. ഒരു പാത്രം സമനില എന്നതിന്‌ മുന്നിലും വയ്‌ക്കും. നിമ്പസിനെ കൂടാതെ മെക്‌സിക്കോയിലെ ഗുവഡാലാജാര മൃഗശാലയിലെ മൃഗങ്ങളും രംഗത്തുണ്ട്‌. ടീമുകളുടെ നിലവിലെ ഫോം, കളിക്കാരുടെ പരിക്കുകൾ, മുൻകാല ചരിത്രം തുടങ്ങിയവ വിശകലനം ചെയ്ത്‌ വിവിധ എഐ ടൂളുകളും പ്രവചനവുമായി സജീവമാണ്‌.

കഴിഞ്ഞ മൂന്ന്‌ ലോകകപ്പിലും കൃത്യമായ ചാമ്പ്യൻമാരെ പ്രവചിച്ച ജർമൻ ഗണിത ശാസ്‌ത്രജ്ഞൻ യോക്കിം ക്ലമന്റിന്റെ പ്രചവനവും ഇതിനകം ലോകശ്രദ്ധ നേടിയിട്ടുണ്ട്‌. നെതൻലൻഡ്‌സ്‌ വിശ്വകിരീടം ചൂടുമെന്നാണ്‌ ക്ലമന്റിന്റെ പ്രവചനം.

Exit mobile version