Site icon Fourteen Kerala – 14 Kerala News

യാത്രാനുമതി ലഭിച്ചു; വിഴിഞ്ഞത്ത് കസ്റ്റഡിയിലായിരുന്ന വിദേശ കപ്പൽ ‘എം.ടി സോളിസ്’ തീരം വിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് മാസങ്ങളായി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ‘എം.ടി സോളിസ്’ എന്ന വിദേശ കപ്പൽ ഒടുവിൽ യാത്ര തിരിച്ചു. മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് തടഞ്ഞുവെച്ചിരുന്ന കപ്പൽ, കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പിന്റെ പ്രത്യേക യാത്രാനുമതി ലഭിച്ചതോടെയാണ് ഇന്നലെ രാത്രി 7.30-ഓടെ കൊളംബോയിലേക്ക് പുറപ്പെട്ടത്. കപ്പലുടമകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അധികൃതർ അനുമതി പത്രം കൈമാറിയത്. യാത്രാവിഭവങ്ങളും പലവ്യഞ്ജനങ്ങളും ശേഖരിച്ച ശേഷമായിരുന്നു മടക്കം. ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ 20 വിയറ്റ്നാം സ്വദേശികളാണ് കപ്പലിലുള്ളത്.

മാർച്ച് 7 കന്യാകുമാരിക്ക് സമീപമുള്ള ഉൾക്കടൽ കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന മത്സ്യബന്ധന ബോട്ടിൽ എം.ടി സോളിസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണ്ണമായി മുങ്ങി. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്ത സ്വദേശികളായ ലഖാൻ ദാസ് (45), മകൻ ബാദൽ (23) എന്നിവരെ കടലിൽ കാണാതായി. തമിഴ്‌നാട്, കൊൽക്കത്ത സ്വദേശികളായ മറ്റ് 9 പേർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.അപകടത്തിന് പിന്നാലെ പുറംകടലിൽ വെച്ച് കോസ്റ്റ് ഗാർഡ് കപ്പൽ തടയുകയായിരുന്നു. ഡി.ജി. ഷിപ്പിങ് അധികൃതരുടെ നിർദ്ദേശപ്രകാരം കോസ്റ്റ്ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിന്റെ നേതൃത്വത്തിൽ ‘അനഘ്’ എന്ന കപ്പൽ ഉപയോഗിച്ചാണ് എം.ടി സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിൽ എത്തിച്ചത്.

തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ ചീഫ് സർവേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കപ്പലിൽ പ്രാഥമിക പരിശോധന നടത്തി. കൊച്ചി മർക്കന്റൈൽ മറൈൻ വകുപ്പിന്റെ പ്രത്യേക ഉത്തരവിനെത്തുടർന്നാണ് മാസങ്ങളോളം കപ്പൽ വിഴിഞ്ഞത്ത് തുടരേണ്ടി വന്നത്. വിദേശ കപ്പൽ മാസങ്ങളോളം വിഴിഞ്ഞം തീരത്ത് കിടന്നതു വഴി വാടക ഇനത്തിൽ മാത്രം ഏകദേശം 30 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് അറിയിച്ചു.

Exit mobile version