കാസർകോട്: പെരിയയിൽ ദേശീയപാതയുടെ സർവീസ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കാഞ്ഞങ്ങാട്ടുനിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് റോഡിലൂടെ വരുമ്പോഴാണ് റോഡിന് നടുവിലെ വലിയ കുഴി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
പെട്ടെന്ന് തന്നെ ബസ് നിർത്തിയിട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. ബസിന് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ കേന്ദ്ര സർവ്വകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെയുള്ള റോഡിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയായിരുന്നു.
തുടർന്ന് കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെയെത്തിയ ചെറുതും വലുതുമായ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ട് പുറകോട്ട് എടുത്ത് പ്രധാന ദേശീയപാതയിലേക്ക് പ്രവേശിച്ചാണ് യാത്ര തുടർന്നത്. പിന്നീട് കെ.എസ്.ആർ.ടി.സി ബസും ഇതേ രീതിയിൽ പിന്നോട്ട് എടുത്ത് ദേശീയപാതയിലേക്ക് കയറ്റിയാണ് വഴിമാറിപ്പോയത്.
വിവരമറിഞ്ഞതിനെ തുടർന്ന് ദേശീയപാത നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സർവീസ് റോഡിനോട് ചേർന്നുള്ള ഓവുചാൽ നിർമ്മാണത്തിലെ കടുത്ത അപാകതയാണ് റോഡ് തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.യാതൊരുവിധ ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാർ കമ്പനി സർവീസ് റോഡിന്റെ നിർമ്മാണം നടത്തുന്നതെന്നും നാട്ടുകാരിൽ നിന്നും വ്യാപക പരാതി ഉയരുന്നുണ്ട്.
