Site icon Fourteen Kerala – 14 Kerala News

32 വർഷത്തിന് ശേഷം ചരിത്ര മുഹൂർത്തം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച മുഹമ്മദ് മുഹ്സിന് 34 വോട്ടും ലഭിച്ചു.

നാലു പേർ വോട്ട് ചെയ്തില്ല. ബി.ജെ.പി എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല. 32 വർഷത്തിന് ശേഷമാണ് ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് വനിത എത്തുന്നത്. അരൂരിൽ നിന്നുള്ള എം.എൽ.എയാണ് ഷാനിമോൾ.

ഈ പദവിൽ എത്തുന്ന മൂന്നാമത്തെ വനിതയാണ് ഷാനിമോൾ ഉസ്മാൻ . കെ.ഒ ഐഷാബീവി, ഭാർഗവി തങ്കപ്പൻ എന്നിവരാണ് നേരത്തെ ഈ പദവി അലങ്കരിച്ചത്. കേരളത്തിലെ അദ്യ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ ഐഷാ ബീവി. എട്ടാം നിയമ സഭയിയിൽ 1987 മുതൽ 1991 വരെ ഭാഗവി തങ്കപ്പനും ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ചു.

അരൂരിലെ സിറ്റിങ് എം.എൽ.എ ദലീമ ജോജോയെ 9,324 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇത്തവണ ഷാനിമോൾ നിയമസഭയിലെത്തിയത്. 2019ൽ അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു ഷാനിമോൾ ആദ്യം സഭയിലെത്തിയത്. 2021ൽ വീണ്ടും അരൂരിൽ മത്സരിച്ചെങ്കിലും ദലീമയോട് തോറ്റു

Exit mobile version