Site icon Fourteen Kerala – 14 Kerala News

1000 രൂപ വാങ്ങാൻ വിദ്യാർഥിനികൾ തയ്യാറായിക്കോ..! ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: കോൺഗ്രസ് സർക്കാരിൻ്റെ പ്രകടനപത്രികയിലെ രണ്ടാമത്തെ വാഗ്ദാനമായ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്നുള്ള ഗ്യാരൻ്റി നടപ്പാക്കാനുള്ള കണക്കെടുപ്പ് ആരംഭിച്ചു.സർവകലാശാല തലത്തിൽ കണക്കെടുപ്പ് തുടങ്ങിയതായാണ് വിവരം. വിദ്യാർഥിനികൾക്ക് 1000 രൂപ സ്കോളർഷിപ്പ് നൽകുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. കണക്കെടുപ്പ് നടത്താനുള്ള ചുമതല കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയിട്ടുള്ളത്.

സംസ്ഥാനത്ത് 7 ലക്ഷം കോളേജ് വിദ്യാർഥിനികൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇത് സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. അതേസമയം കോൺ​ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റികൾ സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.പദ്ധതികൾ നടപ്പാക്കാൻ ഈ വ‍ർഷം അധികമായി 10,000 കോടിയിലധികം രൂപയാണ് കണ്ടെത്തേണ്ടത്. കേന്ദ്ര വിഹിതത്തിൽ കൂടി കുറവ് വരുന്നതോടെ ​ഗ്യാരൻ്റികൾ എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

കെഎസ്ആ‍ർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, 3000 രൂപ ക്ഷേമ പെൻഷൻ, യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവയാണ് അഞ്ച് ​ഗ്യാരണ്ടികളായി പ്രഖ്യാപിച്ചത്.കോൺ​ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിൽ വിജയകരമായി പദ്ധതികൾ നടപ്പാക്കിയെന്നാണ് നേതൃത്വം അവകാശപ്പെട്ടത്. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

ആശാ വർക്കമാരുടെ വേതനവർധന, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളും ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Exit mobile version