Site icon Fourteen Kerala – 14 Kerala News

കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; മന്ത്രവാദി പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശിയായ ശരത് ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ മാതാവിന്റെ ‘ദോഷങ്ങൾ’ മാറുന്നതിനായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഒന്നര വർഷമായി കിളിമാനൂരിലെ വാടക വീട്, തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വെച്ചായിരുന്നു പീഡനം.

പ്രതിയുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടികൾ വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് പിന്തുടരുകയായിരുന്നു. ഒടുവിൽ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് കിളിമാനൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Exit mobile version