Site icon Fourteen Kerala – 14 Kerala News

ഭയപ്പെടേണ്ട, ആദ്യത്തെ ഇഎംഎസ് മന്ത്രിസഭ ഒരു മനുഷ്യനെയും കുടിയൊഴിപ്പിക്കരുതെന്നാണ് ഉത്തരവിറക്കിയത്’ – പാരിയത്തുകാവിലെ നിവാസികൾക്ക് പിന്തുണ നൽകി എം വി ഗോവിന്ദൻ

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി നിവാസികളെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാരിയത്തുകാവില്‍ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ പൊലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവില്‍ പൊലീസ് ആക്രമണം നടന്നു. എല്‍ഡിഎഫിന്റെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ വീടില്ലാത്തവര്‍ക്ക് വീടും പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയവും നല്‍കിയെന്നും ആരെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാരിയത്തുകാവിലെ സമരസമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാലെ ഉന്നതിയിലൂടെ നടന്ന് നിവാസികളെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു.

‘ഭയപ്പെടേണ്ട, ആദ്യത്തെ ഇഎംഎസ് മന്ത്രിസഭ ഒരു മനുഷ്യനെയും കുടിയൊഴിപ്പിക്കരുതെന്നാണ് ഉത്തരവിറക്കിയത്. കുടിയൊഴിപ്പിക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ. എല്‍ഡിഎഫ് മാറി മൂന്നാമത്തെ ദിവസമാണ് ഈ സംഭവമുണ്ടാകുന്നത്. പാവപ്പെട്ട മനുഷ്യന്‍ എന്ന ഒരു മാനദണ്ഡമേ ഇവിടെയുള്ളു. അതിന് പാര്‍ട്ടി വ്യത്യാസമില്ല, ഒരു തരത്തിലും കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല’, എന്ന് നിവാസികളോട് എം വി ഗോവിന്ദന്‍ പറഞ്ഞു.

Exit mobile version