Site icon Fourteen Kerala – 14 Kerala News

വി.ഡി സതീശന്റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഔദ്യോഗിക ക്ഷണം

തിരുവനന്തപുരം: 102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രമുഖ നേതാക്കൾക്ക് ക്ഷണം. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ ചടങ്ങിലേക്ക് ചീഫ് സെക്രട്ടറി എ. ജയതിലക് ഔദ്യോഗികമായി ക്ഷണിച്ചു.

കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ കെ. സിദ്ധരാമയ്യ (കർണാടക), ഡി.കെ. ശിവകുമാർ (ഉപമുഖ്യമന്ത്രി, കർണാടക), രേവന്ത് റെഡ്ഡി (തെലങ്കാന), സുഖ്‌വിന്ദർ സിംഗ് സുഖു (ഹിമാചൽ പ്രദേശ്) എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എഐസിസി നേതൃത്വത്തിന്റെ ക്ഷണത്തിന് പുറമെയാണ് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ക്ഷണക്കത്ത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കായുള്ള കൂറ്റൻ പന്തലിന്റെ നിർമാണം പുരോഗമിക്കുകയാണ്. ചടങ്ങിൽ അമ്പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പൊതുഭരണ വകുപ്പിന്റെ പ്രതീക്ഷ.

പന്തലിനുള്ളിൽ 12,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ബാക്കിയുള്ളവർക്ക് സ്റ്റേഡിയത്തിൽ നിന്ന് ചടങ്ങുകൾ നേരിട്ട് കാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനപങ്കാളിത്തത്തോടെ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് തലസ്ഥാനത്ത് അണിയറയിൽ നടക്കുന്നത്.

Exit mobile version