Site icon Fourteen Kerala – 14 Kerala News

ഈ വീട് എന്റെ സ്വന്തം ഇടമാണ്’; ജി കാർത്തികേയന്‍റെ വീട്ടിൽ വികാരാധീനനായി വി ഡി സതീശൻ

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വീട് സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. അനുഗ്രഹം തേടി വീട്ടിലെത്തിയപ്പോൾ വികാരനിർഭരനായിട്ടാണ് അദ്ദേഹം കാർത്തികേയന്റെ ഭാര്യ എം.ടി. സുലേഖയുമായി സംസാരിച്ചത്. ജി. കാർത്തികേയൻ എന്ന വലിയ മനുഷ്യന്റെ വിരൽ തുമ്പിൽ തൂങ്ങിയാണ് താൻ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വന്നത്. അദ്ദേഹത്തിന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും എല്ലാക്കാലത്തും തന്നോട് വലിയ വാത്സല്യം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“1996ലും 2001ലും തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എ.കെ. ആന്റണിയോടും കെ. കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാർത്തികേയൻ സാറായിരുന്നു. സാറിന്റെ മക്കൾ എനിക്ക് സഹോദരങ്ങളെപ്പോലെയാണ്. ഈ വീട് എന്റെ സ്വന്തം ഇടമാണ്. ഇവിടെ വന്നില്ലെങ്കിൽ താൻ എവിടെ പോകാനാണെന്നും വി ഡി സതീശൻ ചോദിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ബന്ധമാണ് ഈ കുടുംബവുമായി ഉള്ളത്. രാഷ്ട്രീയത്തിലെ എന്റെ വളർച്ചയിൽ ജി.കെ. കുടുംബം നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ട്”, വി.ഡി. സതീശൻ്റെ വാക്കുകൾ.

സതീശൻ എംഎൽഎ ആയാൽ പാർട്ടിക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേ അന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്ന് ജി. കാർത്തികേയൻ്റെ ഭാര്യ സുലേഖയും പറഞ്ഞു. സതീശനിൽ അസാമാന്യമായ നേതൃപാടവം ജി.കെ. പണ്ട് തന്നെ തിരിച്ചറിഞ്ഞിരുന്നു. തനിക്കും കാർത്തികേയൻ സാറിനും ഞങ്ങളുടെ മൂത്തമകനാണ് സതീശൻ. സതീശൻ ഉയർന്നുവരുമെന്ന് പല തവണ ജി.കെ. തന്നോട് പറഞ്ഞിരുന്നു. സതീശന് ഇനിയും ഉയരങ്ങൾ കീഴടക്കാനുണ്ട്. ഉമ്മൻ ചാണ്ടിയെപ്പോലെ എല്ലാവരും സ്നേഹിക്കുന്ന, പാവങ്ങളെ ചേർത്ത് പിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന, നല്ല മുഖ്യമന്ത്രിയായി അറിയപ്പെടാനുള്ള ഭാഗ്യമുണ്ടാവട്ടെയെന്നും സുലേഖ ആശംസിച്ചു.

വലിയ സന്തോഷമുണ്ടെന്നും നല്ല രീതിയിൽ കേരളത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ശബരീനാഥും പറഞ്ഞു. ശബരീനാഥിന്റെ ഭാര്യയും വിഴിഞ്ഞം സീ പോർട്ട് എം.ഡി. ദിവ്യ എസ്. അയ്യർ, നടൻ ജഗദീഷ് എന്നിവരും സതീശനെ സ്വീകരിക്കാൻ വീട്ടിലുണ്ടായിരുന്നു. സന്ദർശനത്തിനിടെ കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോകൾ എടുത്തും വിശേഷങ്ങൾ പങ്കുവച്ചുമാണ് വി.ഡി. സതീശൻ മടങ്ങിയത്. അടൂർ പ്രകാശ്, പി.ജെ. ജോസഫ് എന്നീ നേതാക്കളേയും വി.ഡി.സതീശൻ സന്ദർശിച്ചു.

Exit mobile version