Site icon Fourteen Kerala – 14 Kerala News

ഞങ്ങൾ തമ്മിൽ ഒരു ഉപാധിയുമില്ല’, മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല; അദ്ദേഹം ജേഷ്ഠതുല്ല്യമായ നേതാവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ജേഷ്ഠ തുല്ല്യനായ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. താന്‍ എപ്പോഴും വരുന്ന വീടാണ് രമേശ് ചെന്നിത്തലയുടേതെന്നും ചെറുപ്പത്തിലേ വരുന്ന വീടാണെന്നും തന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായപ്പോള്‍ ഇവിടെ വന്ന് ഒരുമിച്ചാണ് ആദ്യ നിയമസഭാ സമ്മേളനത്തിന് പോയത്. എത്രയോ വര്‍ഷമായി ഈ വീട്ടില്‍ വരുന്ന ഒരാളാണ്. അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണ്. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’, വി ഡി സതീശന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് വി ഡി സതീശന്‍ മറുപടി നല്‍കി. അദ്ദേഹവുമായി കൂടിയാലോചിച്ച് അക്കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വി ഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

‘ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായ ബന്ധമുള്ളവരാണ് എല്ലാവരും തമ്മിലുള്ളത്. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്നുള്ള കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാവരും ചേര്‍ന്ന് നിറവേറ്റും’, രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിലുണ്ടാകുമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും തങ്ങള്‍ തമ്മില്‍ ഒരു ഉപാധിയുമില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് പിന്നാലെയാണ് വി ഡി സതീശന്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചത്. ആദ്യം നേതാക്കള്‍ക്കൊപ്പം സംസാരിക്കുകയും പിന്നീട് ഇരുവര്‍ മാത്രമായി സംസാരിക്കുകയും ചെയ്തു. പിന്നാലെ ഇരു നേതാക്കളും ഒരുമിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

Exit mobile version