Site icon Fourteen Kerala – 14 Kerala News

ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; തുറന്നടിച്ച് കെ. മുരളീധരൻ

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല തീരുമാനമെടുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ജനവികാരം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഫ്ലക്സ് വെച്ചുള്ള പ്രകടനങ്ങൾ നാട്ടുകാർ കണ്ട് ആസ്വദിക്കുന്നുണ്ട്. ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ പതിവാണ്. എന്നാൽ ജനവികാരം ഉൾക്കൊള്ളുന്ന തീരുമാനമാണ് ഹൈക്കമാൻഡിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പാർട്ടി ആരെ നിശ്ചയിച്ചാലും അത് പൂർണ്ണമായും അംഗീകരിക്കും. നിലവിൽ പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ല.താൻ ആരെയാണ് പിന്തുണച്ചതെന്ന് പറയാൻ മടിയില്ല. ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ ആകാംക്ഷയുണ്ടാക്കുന്നുണ്ട്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും.

Exit mobile version