Site icon Fourteen Kerala – 14 Kerala News

സത്യപ്രതിജ്ഞ കഴിയും വരെ വിചാരണക്ക് ഹാജരാകേണ്ട, ഫസൽ വധക്കേസ്: കാരായി രാജന് അവധി നൽകി സി ബി ഐ കോടതി

കൊച്ചി: ഫസൽ വധക്കേസിലെ എട്ടാം പ്രതിയായ തലശേരിയിലെ നിയുക്ത എം എൽ എ കാരായി രാജന് അവധി നൽകി സി ബി ഐ കോടതി. എം എൽ യായി സത്യപ്രതിജ്ഞ കഴിയും വരെ വിചാരണക്ക് ഹാജരാകേണ്ടെന്ന് കോടതി. കൊച്ചി സിബിഐ കോടതിയിൽ ഇന്ന് ഹാജരായാണ് അവധി അപേക്ഷ നൽകിയത്.
ഇന്നലെ സി ബി ഐ കോടതിയിൽ കേസിന്റെ സാക്ഷി വിസ്താരം തുടങ്ങിയിരുന്നു. ഫസൽ വധക്കേസിൽ 221 സാക്ഷികളാണ് ഉള്ളത്. കൊടി സുനിയാണ് കേസിലെ ഒന്നാം പ്രതി. 2006 ഒക്ടോബർ 22നാണ് ഫസൽ കൊല്ലപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലും തുടർന്ന് കേസ് സിബിഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഡാലോചന കുറ്റമാണ് കാരായി രാജനെതിരെ ചുമത്തിയത്.

2013ലായിരുന്നു കാരായി രാജന് ജാമ്യം ലഭിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരന്നു. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കണ്ണൂരിൽ പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. സിബിഐ 2012 ജൂൺ 22നാണ് കുറ്റപത്രം നൽകിയിരുന്നത്. പിന്നീട് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ എത്തുന്നത്.

തലശ്ശേരി മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി കാരായി രാജൻ 20,523 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിക്കുന്നത്. 69,743 വോട്ടുകളാണ് കാരായി രാജൻ നേടിയത്. കോൺഗ്രസിൻറെ സാജു കെ പിക്ക് 49,220 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. അതേസമയം ബിജെപിയ്ക്ക് വേണ്ടി മത്സര രംഗത്തുണ്ടായിരുന്ന ഒ നിധീഷിന് 22,754 വോട്ടുകൾ നേടാനായി.

Exit mobile version