Site icon Fourteen Kerala – 14 Kerala News

തിരിച്ചടിക്ക് പിന്നാലെ പടിയിറക്കം: ക്ലിഫ് ഹൗസിൽ നിന്ന് ചിന്താ ഫ്ലാറ്റിലേക്ക് പിണറായി വിജയൻ താമസം മാറുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. തിരുവനന്തപുരത്തെ പാർട്ടി കേന്ദ്രമായ ചിന്താ ഫ്ലാറ്റിലേക്കാണ് അദ്ദേഹം താമസം മാറുന്നത്.

ചിന്താ ഫ്ലാറ്റിന്‍റെ മൂന്നാം നിലയിലെ 3A, 3B മുറികളാണ് പിണറായി വിജയന് വേണ്ടി സജ്ജീകരിക്കുന്നത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാല്‍ ഇനി ചിന്താ ഫ്ലാറ്റിലായിരിക്കും പിണറായി വിജയന്‍റെ താമസം. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ലാറ്റിലെ മുറി.

പിണറായി സര്‍ക്കാരിന്‍റെ പത്ത് വര്‍ഷക്കാല ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ.

ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ഭരണക്കാലത്ത് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്‍റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.

ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Exit mobile version