Site icon Fourteen Kerala – 14 Kerala News

ഡോക്ടറെ കാണാൻ പോകുമ്പോൾ ടിപ്പർ ലോറി തട്ടി, ടയർ തലയിലൂടെ കയറിയിറങ്ങി, ബൈക്ക് യാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം

വാടാനപ്പള്ളി :ദേശീയപാതയിൽ വാടാനപ്പള്ളി ഗണേശമംഗലത്ത് ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂനിറ്റ് പ്രസിഡന്റ് ഏങ്ങൂര് വീട്ടിൽ ചന്ദ്രബോസ് (65) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10.20ഓടെ ഗണേശമംഗലം സീപേളിന് സമീപത്തായിരുന്നു അപകടം. വാടാനപ്പള്ളി ഭാഗത്തുനിന്ന് ചേറ്റുവ ഭാഗത്തേക്ക് ചന്ദ്രബോസ് ഓടിച്ചിരുന്ന ബൈക്കിന്റെ കണ്ണാടിയിൽ ഇതേ ദിശയിൽ വന്ന ടിപ്പർ ഉരസിയതോടെ ചന്ദ്രബോസ് ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ലോറിയുടെ പുറകിലെ ടയർ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. ഹോമിയോ ഡോക്ടറെ കാണാൻ പാവറട്ടിയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം കണ്ടശ്ശാംകടവ് ഡികോഡ് ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടർന്ന് ഹൈവേയിൽ അര മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാടാനപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ചന്ദ്രബോസ് തളിക്കുളങ്ങര ശ്രീ ശങ്കരനാരായണ ക്ഷേത്രസമിതി രക്ഷാധികാരി, സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ തളിക്കുളം യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തളിക്കുളം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും സജീവ സി.പി.ഐ പ്രവർത്തകനുമാണ്. തളിക്കുളം സെന്ററിന് പടിഞ്ഞാറ് റേഷൻ കടക്ക് സമീപമുള്ള വീടിനടുത്ത് സിമന്റ് കച്ചവടം നടത്തി വരികയാണ്. ഭാര്യ: മിനി. മക്കൾ: സിബിൻ ബോസ് (ദുബൈ), അശ്വിൻ ബോസ് (വിദ്യാർഥി, പുതുച്ചേരി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.

Exit mobile version