Site icon Fourteen Kerala – 14 Kerala News

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, കൊലപാതകം, ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണാടകയിൽനിന്ന്‌ പൊക്കി പൊലീസ്

കാസർഗോഡ് :ദേശീയപാതയോരത്തിന് സമീപം നുള്ളിപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കർണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കർണാടകയിലെ ഗദക് ലക്ഷ്മീശ്വര സ്വദേശി മഞ്ജുനാഥയെയാണ് (45) കാസർഗോഡ് ടൗൺ പോലീസ് കർണാടക ഹാസനിലെത്തി അറസ്റ്റ് ചെയ്തത്.

കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ മാർച്ച് 10-ന് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ കെട്ടിത്തിന് സമീപം സമൂഹവിരുദ്ധർ താവളമാക്കുന്നതായും ഇവിടെ രാത്രിയുടെ മറവിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും കെട്ടിട ഉടമയുടെ മകന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് മിക്ക ദിവസങ്ങളിലും ഇയാൾ രാത്രി എത്തി പരിശോധിക്കുമായിരുന്നു.
അങ്ങനെയുള്ള പരിശോധനയ്ക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ പരാതിയിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തത്. കർണാടക ഗദക്ക് ബലേഗ ഹൊസൂരിലെ ചന്ദ്രശേഖർ സുരേഷാണ് (38) മരിച്ചത്.

ഇദ്ദേഹം കാസർകോട് താമസിച്ച് കോൺക്രീറ്റ് ജോലികൾ ചെയ്തുവരികയായിരുന്നു. ഇയാൾക്കൊപ്പം പണിയെടുക്കുന്ന ആളാണ് ഇപ്പോൾ അറസ്റ്റിലായ മഞ്ജുനാഥ. പ്രതിയായ മഞ്ജുനാഥയും കൊല്ലപ്പെട്ട ചന്ദ്രശേഖരയും സൂഹൃത്തുക്കളായിരുന്നു. ഒരുമിച്ച് മദ്യപിക്കുകയും താമസിക്കുകയും ചെയ്യുന്നവരുമായിരുന്നു. ഇതിനിടയിൽ മഞ്ജുനാഥ കൊല്ലപ്പെട്ട ചന്ദ്രശേഖരയ്ക്ക് രണ്ടായിരം രൂപ കടം നൽകിയിരുന്നു. ഏറെക്കാലമായിട്ടും അത് തിരികെ ലഭിച്ചിരുന്നില്ല.
സംഭവം നടക്കുന്ന രാത്രിയിൽ ഇരുവരും ഈ കെട്ടിടത്തിന് സമീപത്തിരുന്ന്‌ മദ്യപിക്കുന്നതിനിടയിൽ മഞ്ജുനാഥ കടത്തെക്കുറിച്ച് സൂചിപ്പിച്ചു. ഇത് ചന്ദ്രശേഖര എതിർക്കുകയും ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വീട്ടിൽനിന്ന് വിട്ടുനിന്ന് പല സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യുന്ന സ്വഭാവക്കാരനാണ് മഞ്ജുനാഥ. അതുകൊണ്ടുതന്നെ ഇയാളെ പിടിക്കുക പോലീസിന് നല്ല പണിയായിരുന്നു. പ്രതി ഹാസനിലുണ്ടെന്ന വിവരം കിട്ടിയതിനെത്തുടർന്ന് നാലുദിവസം അവിടെ താമസിച്ചാണ് പിടിച്ചതെന്ന്‌ അന്വേഷണത്തിന് നേതൃത്വം കൊടുത്ത കാസർകോട് ടൗൺ ഇൻസ്പെക്ടർ പി.നളിനാക്ഷൻ പറഞ്ഞു. ബദിയഡുക്ക പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. പ്രസാദ്, കാസർകോട് ടൗൺ സ്റ്റേഷനിലെ രതീഷ്, ശ്രീരാജ് എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Exit mobile version