തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ചൂടിന് നേരിയ ശമനമുണ്ടാകുമെന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും.
ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. തിങ്കൾ മുതൽ ബുധൻ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അസഹനീയമായ ചൂടിൽ ഉരുകുകയാണ് കേരളം. സംസ്ഥാനത്ത് പലയിടങ്ങളിലും ജനങ്ങൾക്ക് സൂര്യാതാപമേറ്റതായി റിപ്പോർട്ടുകളുണ്ട്. പാലക്കാട് 40.2 ഡിഗ്രി സെൽഷ്യസ് ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പുനലൂരിൽ 38.6 ഡിഗ്രി താപനിലയും രേഖപ്പെടുത്തി.
