Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വളയത്ത് അംഗൻവാടി ടീച്ചർക്ക് സൂര്യാതാപമേറ്റു, പൊള്ളലേറ്റത് കൈത്തണ്ടയിൽ, കൊച്ചിയിൽ സൂര്യാഘാതമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ ആരോ​ഗ്യനില ​ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു. കോഴിക്കോട് അം​ഗനവാടി ടീച്ചർക്കും എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് സൂര്യാഘാതം ഏറ്റത്. കോഴിക്കോട് വളയത്ത് അംഗൻവാടി ടീച്ചറായ വളയം സ്വദേശി അനിലയുടെ കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. അനില ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 35ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില.

കൂത്താട്ടുകുളത്തെ തടിമിൽ തൊഴിലാളിക്കാണ് പൊള്ളലേറ്റത്. ഒഡീഷാ സ്വദേശിയായ പാണ്ഡവ ബൈരയ്ക്ക് ആണ് പൊള്ളലേറ്റത്. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു. സൂര്യാഘാതം ഏറ്റതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്.

അതേസമയം നേരത്തെ കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചിരുന്നു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്.മറ്റൊരു സംഭവത്തിൽ വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോണിനാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യതപമേറ്റത്. വയറിലും കൈകൾക്കും പൊള്ളാലേറ്റ കുട്ടി വണ്ടൂർ താലൂക് ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Exit mobile version