ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ കടബാധ്യതയെത്തുടർന്ന് റിയൽ എസ്റ്റേറ്റ് ഏജന്‍റ് വളർത്തുനായക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തു. നിഖിൽ അറോറ(33) എന്ന യുവാവാണ് പ്രേമി എന്ന് പേരുള്ള തന്‍റെ വളർത്തുനായക്ക് വിഷം നൽകിയതിനു പിന്നാലെ ജീവനൊടുക്കിയത്. നായയുമൊത്ത് വാടക വീട്ടിലാണ് നിഖിൽ താമസിച്ചിരുന്നത്.
മാതാപിതാക്കളുടെ ചികിത്സയ്ക്കായി വലിയ തുക ചെലവായതിനെത്തുടർന്ന് നിഖിലിന്റെ സാമ്പത്തിക നില തകരുകയും സ്വന്തം വീട് വിൽക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതിനുപുറമെ വലിയൊരു തുക കടബാധ്യതയായത് ഇയാളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് പൊലീസ് അറിയിച്ചു.തന്റെ സുഹൃത്തായ ധീരജിന്റെ വീട്ടിൽ അത്താഴത്തിന് പോകേണ്ടയിരുന്ന നിഖിലിനെ കാണാതായതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് നിഖിലിനെയും നായയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് മോരും വെള്ളത്തിന്റെ പാക്കറ്റുകളും ‘സൾഫാസ്’ ഗുളികയുടെ ഒഴിഞ്ഞ പാത്രവും പോലീസ് കണ്ടെടുത്തു. മോരിൽ വിഷം കലർത്തി ആദ്യം നായയ്ക്ക് നൽകിയ ശേഷം നിഖിൽ അത് കുടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നിഖിലിന് നായയെ ജീവനായിരുന്നുവെന്നും, തന്റെ മരണശേഷം നായയെ ആര് നോക്കുമെന്ന ആശങ്കയിലാകാം നായയ്ക്ക് വിഷം നൽകിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിഖിലിന്റെയും നായയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
