Site icon Fourteen Kerala – 14 Kerala News

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂടുമൂലം പൊട്ടിത്തെറിക്കാൻ സാധ്യത കുറവ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തുമെന്ന് പെസോ

കൊച്ചി: തൃശ്ശൂരിലെ വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ. വേനൽച്ചൂടുമൂലം സ്‌ഫോടക വസ്തുക്കൾ തനിയെ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവാണെന്ന് അപകടസ്ഥലം സന്ദർശിച്ച പെസോ ഉദ്യോഗസ്ഥർ വിലയിരുത്തി.

ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ് പരിശോധന നടത്തുമെന്നും പെസോ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പെസോ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്കനിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

പാലക്കാട് ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിന്റെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണശാലയില്‍ നിന്ന് തൊഴിലാളികളെ മാറ്റി ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലം സീല്‍ ചെയ്തു. പടക്കനിര്‍മ്മാണശാലയിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.വെടിക്കെട്ടുകള്‍ നടത്തുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇപ്പോഴും പാലിക്കുന്നില്ലെന്ന് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പറഞ്ഞു. ശബ്ദവും വീര്യവും കുറച്ച് കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കണം. വെടിക്കെട്ടുകള്‍ ആചാരമല്ല ആഘോഷമാണെന്നും അതിനാല്‍ വേണ്ടെന്ന് വച്ചാലും കുഴപ്പമില്ലെന്നും ജസ്റ്റിസ് ഗോപിനാഥന്‍.112 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ ആണ് പി എസ് ഗോപിനാഥന്‍.

Exit mobile version