Site icon Fourteen Kerala – 14 Kerala News

മഥുര ബോട്ട് അപകടത്തിൽ മരണം 14 ആയി; യമുനയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ലക്നൗ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി തിങ്കളാഴ്ച കണ്ടെത്തിയതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു.

പ്രാദേശികവാസികൾ നൽകിയ വിവരമനുസരിച്ച് സ്വാമി ഘട്ടിൽ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പിന്നീട് ഫോട്ടോ കാണിച്ച് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മോണിക്ക എന്ന സ്ത്രീയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഏപ്രിൽ 10നാണ് യമുന നദിയിൽ ബോട്ട് മറിഞ്ഞത്.

ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ അപകടത്തിൽ കാണാതായ 6 പേരിൽ 4 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച ഡിംപി എന്ന സ്ത്രീയുടെയും റിഷഭ് ശർമ്മ എന്ന പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.

ശനിയാഴ്ച മണിക് ടണ്ടന്റെ മൃതദേഹം യമുനാ നദിയിൽ നിന്ന് കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഫ്ലഡ് പൊലീസ്, ഫയർഫോഴ്സ്, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘങ്ങൾ നദിയെ പല ഭാഗങ്ങളായി തിരിച്ച് തിരച്ചിൽ തുടരുകയാണെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് അമരേഷ് കുമാർ അറിയിച്ചു.
അതേസമയം, മഥുരയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യയിലെ നദീതീരങ്ങളിൽ (ഘട്ടുകളിൽ) ഭക്തരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആളുകൾ ആഴമുള്ള വെള്ളത്തിൽ കുളിക്കുന്നത് തടയാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ഘട്ടുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അയോധ്യ സർക്കിൾ ഓഫീസർ അശുതോഷ് തിവാരി പറഞ്ഞു.

‘അയോധ്യ ധാമിലെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി എല്ലാ ഘട്ടുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി അവർക്ക് ആഴമുള്ള വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കാം’. അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version