Site icon Fourteen Kerala – 14 Kerala News

ഘടകകക്ഷിയാകാനില്ല, നിലപാടുകളിൽ വിട്ടുവീഴ്ചയുമില്ല; യു ഡി എഫിന് ഭരണം ലഭിച്ചാൽ ആർ എം പി ഐ മന്ത്രിസഭയുടെ ഭാഗമായേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാലും മന്ത്രിസഭയിൽ അംഗമാകില്ലെന്ന സൂചനയുമായി ആർഎംപിഐ . മുന്നണിയുടെ അസോസിയേറ്റ് അംഗമായി തുടരുമ്പോഴും, എല്ലാ രാഷ്ട്രീയ നിലപാടുകളിലും പൂർണ്ണമായി ഒത്തുപോകാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഇക്കാരണത്താല്‍ യുഡിഎഫിന്റെ ഘടകകക്ഷിയാകേണ്ടതില്ലെന്നാണ് ആര്‍എംപി നിലപാട്.

ഇടതുപക്ഷ നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാൽ ആര്‍എംപി നേതാവും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ രമയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് താല്‍പര്യം. ഇതിനായി യുഡിഎഫ് ഘടകകക്ഷി ആകാൻ കോണ്‍ഗ്രസ് ആർഎംപിക്ക് മേൽ സമ്മര്‍ദ്ദം ചെലുത്തും.

അതേസമയം അധികാരം കിട്ടിയാൽ ആരാകും കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നതിൽ സോഷ്യൽ മീഡിയിൽ പ്രചാരണം ശക്തമാകുകയാണ്. എറണാകുളത്ത് നിന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതായുള്ള ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രി ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടത്.

കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശനെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഷിയാസിനെ തള്ളി നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇത്തരം ചര്‍ച്ചകളുടെ ആവശ്യം ഇപ്പോഴില്ലെന്നായിരുന്നു വി എം സുധീരൻ, എം ലിജു, കെ മുരളീധരനും കെ ബാബു അടക്കമുള്ള നേതാക്കളുടെ പ്രതികരണം.

Exit mobile version