Site icon Fourteen Kerala – 14 Kerala News

താമരത്തണ്ട് ശ്വസനക്കുഴലാക്കി വെള്ളത്തിനടിയിൽ അഞ്ച് മണിക്കൂർ; സിനിമാ സ്റ്റൈൽ ഒളിച്ചുകളിയിൽ മോഷ്ടാവ് വീണു

സിഹോര: മധ്യപ്രദേശിലെ സിഹോറയിൽ സിനിമയെ വെല്ലുന്ന സാഹസികതയിലൂടെ കൊടുംകുറ്റവാളിയെ റെയിൽവേ പോലീസ് പിടികൂടി. ട്രെയിനുകളിൽ മോഷണം നടത്തുന്ന ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹർവീന്ദർ സിംഗാണ് അഞ്ചു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്.

ഏപ്രിൽ 6-ന് പുലർച്ചെ സിഹോറ സ്റ്റേഷനിൽ എത്തിയ ട്രെയിനിലെ എസി കോച്ചിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ഇറങ്ങിയോടിയ ഹർവീന്ദറിനെ ആർപിഎഫ് പിന്തുടർന്നു. ഒരു യാത്രക്കാരിയുടെ പേഴ്സ് മോഷണം പോയ വിവരം ലഭിച്ചതോടെ പോലീസ് സംഘം ഇയാളെ വളഞ്ഞു.

പോലീസിനെ വെട്ടിച്ച് റെയിൽവേ സ്റ്റേഷന് പുറത്തെ പായൽ നിറഞ്ഞ താമരക്കുളത്തിലേക്ക് ചാടിയ പ്രതി വെള്ളത്തിനടിയിൽ ഒളിച്ചു. മുങ്ങൽ വിദഗ്ധർ അടക്കം അഞ്ചു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ല. താമരയുടെ തണ്ട് ശ്വസനക്കുഴലായി (Snorkel) ഉപയോഗിച്ച് വെള്ളത്തിനടിയിൽ ശ്വാസം വിട്ടാണ് ഇയാൾ ഇത്രയും നേരം പോലീസിനെ കബളിപ്പിച്ചത്. ഒടുവിൽ അതീവ ജാഗ്രതയോടെ നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടിയപ്പോൾ ഈ വിദ്യ കണ്ട് ഉദ്യോഗസ്ഥർ പോലും അമ്പരന്നു.

ട്രെയിനുകളിലെ എസി കോച്ചുകളിലെ സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന ഇയാളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി ഇരുപത്തിയഞ്ചോളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version