Site icon Fourteen Kerala – 14 Kerala News

കുമ്പളയിൽ മണൽക്കൊള്ളയ്ക്കെതിരെ പോലീസ് നടപടി; രണ്ട് ടിപ്പർ ലോറികൾ പിടികൂടി, മൂന്നുപേർ അറസ്റ്റിൽ

കുമ്പള: പാച്ചാണി പുഴയിൽ നിന്ന് നിയമവിരുദ്ധമായി മണൽ കടത്തിയ രണ്ട് സംഘങ്ങളെ വെവ്വേറെ ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ കുമ്പള പോലീസ് പിടികൂടി. അംഗഡിമൊഗറിലും കയ്യാർ മണ്ടേക്കാപ്പിലുമായി നടന്ന നടപടികളിൽ രണ്ട് ടിപ്പർ ലോറികൾ കസ്റ്റഡിയിലെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേരള നദീതട സംരക്ഷണ നിയമപ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30ഓടെ അംഗഡിമൊഗറിൽ വെച്ചാണ് ആദ്യത്തെ സംഘം പിടിയിലായത്.
പുഴയിൽ നിന്ന് അനധികൃതമായി മണൽ കയറ്റി പെർമൂദ ഭാഗത്തുനിന്ന് വരികയായിരുന്ന ടിപ്പർ ലോറി തടഞ്ഞ എസ്.ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ലോറി ഡ്രൈവർ മൊയ്‌തീൻ കുഞ്ഞി (32), കബീർ (46) എന്നിവരെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ 11.20ഓടെ കയ്യാർ മണ്ടേക്കാപ്പിൽ വെച്ച് നടന്ന രണ്ടാമത്തെ പരിശോധനയിലാണ് എസ്.ഐ സനീതും സംഘവും മറ്റൊരു ടിപ്പർ ലോറി കൂടി കസ്റ്റഡിയിലെടുത്തത്. ഈ സംഭവത്തിൽ കയ്യാർ കൂടൽമാർക്കല സ്വദേശി ഖാലിദും (40) അറസ്റ്റിലായി.

Exit mobile version