Site icon Fourteen Kerala – 14 Kerala News

പിതാവിനെ മദ്യപിക്കാൻ ക്ഷണിച്ചു: സുഹൃത്തുക്കളെ ഹെൽമറ്റ് കൊണ്ട് മർദ്ദിച്ച മകൻ അറസ്റ്റിൽ

തിരുവനന്തപുരം: പിതാവിനെ മദ്യപിക്കാൻ ക്ഷണിച്ചതിലുള്ള വിരോധം മൂലം സുഹൃത്തുക്കളെ ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ. മണ്ണന്തല അരുവിയോട് വിക്രം ഭവനിൽ കണ്ണനെ (38) ആണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ഉള്ളൂർ സ്വദേശിയായ ബിനുവിനും അദ്ദേഹത്തിന്റെ ബന്ധുവിനുമാണ് മർദ്ദനമേറ്റത്.

ബിനുവും ഭാര്യയും സുഹൃത്തുക്കളും തങ്ങളുടെ സ്വകാര്യ വസ്തുവിൽ ഇരിക്കവെ കണ്ണൻ അവിടേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് ബിനുവിനെയും മറ്റൊരു ബന്ധുവിനെയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി.

ബിനുവും കൂട്ടുകാരും കണ്ണൻ്റെ പിതാവിനെ സ്ഥിരമായി മദ്യപിക്കാൻ ക്ഷണിക്കുന്നതിലുള്ള വിരോധമാണ് ഈ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇത് ചോദ്യം ചെയ്യുന്നത് അക്രമത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കണ്ണൻ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് നിരസിച്ചു. തുടർന്നാണ് മെഡിക്കൽ കോളേജ് പൊലീസ് കണ്ണനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version