Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ കോളേജിലെ തീപിടുത്തം: ചികിത്സയിലിരുന്നവർ മരിച്ചു, ജീവൻ പോയത് അധികൃതരുടെ വീഴ്ച മൂലമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടുത്തത്തെത്തുടർന്ന് ചികിത്സയിലിരുന്ന രോഗികൾ മരിച്ചെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ മാർച്ച് 17-നുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് പരാതി ഉയർന്നിരിക്കുന്നത്. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ഓയൂർ സ്വദേശി കൃഷ്ണകുട്ടി എന്നിവരുടെ മരണത്തിലാണ് കുടുംബാംഗങ്ങൾ ദുരൂഹത ആരോപിക്കുന്നത്.

തീപിടുത്തത്തെത്തുടർന്ന് രോഗികളെ ഐ.സി.യുവിൽ നിന്നും മാറ്റിയതിന് ശേഷമാണ് സനീഷിന്റെ നില വഷളായതെന്ന് ബന്ധുക്കൾ പറയുന്നു. സനീഷ് തീപിടുത്തത്തിന്റെ പിറ്റേന്ന് രാവിലെയാണ് മരിച്ചത്. കൃഷ്ണകുട്ടിയുടെ മരണവും ഐ.സി.യു മാറ്റത്തിന് ശേഷമാണെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
തീപിടുത്തം നടന്ന ദിവസം ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു കൃഷ്ണകുട്ടിയുടെ മരണം സംഭവിച്ചത്. രോഗികളെ സുരക്ഷിതമായി മാറ്റുന്നതിൽ വീഴ്ചയുണ്ടായോ എന്ന ആശങ്കയാണ് കുടുംബങ്ങൾ പങ്കുവെക്കുന്നത്.

എന്നാൽ, ഈ ആരോപണങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ പൂർണ്ണമായും നിഷേധിച്ചു. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ രോഗികളെയും ജീവനക്കാരെയും കൃത്യമായ മുൻകരുതലുകളോടെ മറ്റ് ഐ.സി.യു യൂണിറ്റുകളിലേക്ക് മാറ്റിയിരുന്നതായും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.മരിച്ച രണ്ടുപേരും നേരത്തെ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഇവരുടെ മരണം സ്വാഭാവികമാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. മരണങ്ങൾക്ക് തീപിടുത്തവുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ ആവർത്തിച്ചു.

Exit mobile version