Site icon Fourteen Kerala – 14 Kerala News

തണുപ്പ് കൊള്ളാൻ കേറിയതാണോ?’ എസിക്കുള്ളിൽ അഞ്ച് പാമ്പുകൾ; തിരുവനന്തപുരത്ത് വീട്ടുകാർ ഞെട്ടി

തിരുവനന്തപുരം: വീടിനുള്ളിലെ എയർ കണ്ടീഷനുള്ളിൽ പാമ്പുകളെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ശ്രീകാര്യത്തെ ഒരു കുടുംബം. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിയും ടെക്നോപാർക്ക് ജീവനക്കാരനുമായ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എസിയിലാണ് അഞ്ച് പാമ്പുകളെ കണ്ടെത്തിയത്.

മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എ സിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയിൽപ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ പരുത്തിപളളി റേഞ്ചിലെ സ്നേക്ക് റെസ്ക്യൂ ഓഫീസർ റോഷ്നിയെ വീട്ടുകാർ വിളിച്ചു. റോഷ്നിയുടെ നിർദേശ പ്രകാരം ‘സർപ്പ’യിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി.

ടോർച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് മനസിലായത്. എ സി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാൻ കഴിയില്ലെന്ന് മനസ്സിലായി. എ സി ടെക്നീഷ്യനെത്തി എസി തുറന്നപ്പോൾ അഞ്ച് വില്ലൂന്നി പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ കയറിയത്. മണിക്കൂറുകൾ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടർ പൈപ്പിൻ്റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകൾ വീടിൻ്റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളിൽ കയറിയത്. പിടികൂടിയ പാമ്പുകളെ ആൾത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടിൽ തുറന്നുവിടുകയും ചെയ്തു.

Exit mobile version