Site icon Fourteen Kerala – 14 Kerala News

പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച് ഇറാൻ; സയ്യിദ് മജീദ് എബ്നെൽറെസാ ഇറാൻ്റെ താത്ക്കാലിക പ്രതിരോധ മന്ത്രിയാകും

അമേരിക്ക – ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതിനെത്തുടർന്ന് പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയെ നിയമിച്ച് ഇറാൻ. സയ്യിദ് മജീദ് എബ്നെൽ റെസാ ഇറാൻ്റെ പുതിയ താത്ക്കാലിക പ്രതിരോധ മന്ത്രിയാകും. നിലവിൽ റവല്യൂഷണറി ഗാർഡ് ജനറലാണ്.

പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി മെഹ്ദി തബതബഈ ആണ് എക്സിലൂടെ നിയമന വിവരം പുറത്തുവിട്ടത്. മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് പ്രതിരോധ വകുപ്പിന്റെ ചുമതല താൽക്കാലികമായി മജീദിന് കൈമാറാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചത്.
ഇറാന്റെ മുൻ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ കഴിഞ്ഞദിവസം നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. റെവല്യൂഷണറി ഗാർഡിലെ (ഐ ആർ ജി സി) നിർണ്ണായക പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

സൈനിക നടപടികളും സംഘർഷങ്ങളും ലോകമെമ്പാടും ആശങ്ക പരത്തുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്. നേരത്തെ ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ് ജനറൽ റെസ. ട്രെൻഡ് വാർത്താ ഏജൻസിയാണ് ഇറാന്റെ സൈനിക-ഭരണ തലപ്പത്തെ ഈ മാറ്റം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Exit mobile version