Site icon Fourteen Kerala – 14 Kerala News

വ്യക്തമായ പരാതിയും തെളിവുകളും ഇല്ലാത്ത സ്ഥിതിക്ക് കൂട്ടത്തിലൊരാളെ കൊത്തിപ്പറിക്കാന്‍ ഇട്ടുതരില്ല’; ജിൻ്റോ ജോൺ

കൊച്ചി: യുവ നേതാവിനെതിരായ പരാതികളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പരാതി മൂടിവച്ച് ഒരാള്‍ക്കും പരവതാനി വിരിക്കുകയില്ലെന്ന് ജിന്റോ ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തമായ പരാതിയും തെളിവുകളും ഇല്ലാത്ത സ്ഥിതിക്ക് കൂട്ടത്തിലൊരാളെ കൊത്തിപ്പറിക്കാന്‍ ഇട്ടുതരികയില്ലെന്നും ജിന്റോ പറഞ്ഞു. വേട്ടക്കാരന്‍ ആരായാലും എക്‌സ്‌പോസ് ചെയ്യപ്പെടണം എന്ന് ആ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് പേര് സഹിതം വെളിപ്പെടുത്തണമെന്ന് അദ്ദേഹം കുറിച്ചു.

‘നമ്മള്‍ വ്യക്തിപരമായി കൊടുക്കുന്ന ക്ഷമയുടെ, വിട്ടുവീഴ്ചകളുടെ പ്രിവിലേജുകളില്‍ നിന്ന് ഇത്തരക്കാര്‍ സൗകര്യം കൊള്ളുന്നുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടതാണ്. അയാള്‍ക്ക് തിരുത്താന്‍ അവസരം കൊടുക്കുമ്പോള്‍ മറ്റ് ഒരുപാട് ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ ആകെ ആക്ഷേപിച്ചുകൊണ്ടുമല്ല അങ്ങനെ ഉണ്ടാകേണ്ടത്’, ജിന്റോ പറഞ്ഞു.താന്‍ 100% ആ നടിയുടെ ധൈര്യത്തെയും ആര്‍ജ്ജവത്തെയും പിന്തുണയ്ക്കുന്നുവെന്നും പക്ഷേ ഇനിയും പേര് വെളിപ്പെടുത്താതെ കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ലെന്നും അദ്ദേഹം കുറിച്ചു. കാടടച്ച് വെടിവക്കുന്നതിലും നല്ലത് കളകളെ തെരഞ്ഞുപിടിച്ചു പറിച്ചു മാറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ പരാതിയുണ്ടെങ്കില്‍ പ്രസ്ഥാനത്തിലെ മുഴുവന്‍ ആളുകളേയും സങ്കടത്തിന്റെ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതെ വ്യക്തിയുടെ പേര് പറയണം, തെളിവുകള്‍ പറയണം. എന്റെ പാര്‍ട്ടിയിലെയടക്കം സാധാരണക്കാരും പ്രവര്‍ത്തകരും ഒരു സങ്കടം പറയാന്‍ വിളിക്കുമ്പോള്‍ ഒന്ന് ഫോണ്‍ എടുക്കാന്‍ പോലും നേരമില്ലാത്ത ജനപ്രതിനിധികള്‍ ആരെങ്കിലും പാതിരായ്ക്ക് ഉറക്കമൊഴിച്ചിരുന്ന് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയക്കുന്ന വിനോദത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍ അത് ഓഡിറ്റ് ചെയ്യപ്പെടേണ്ടത് തന്നെയാണ്. തൊണ്ടയില്‍ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുള്ളതല്ല. അതെല്ലാം തുപ്പിക്കളയുന്നത് തന്നെയാണ് നല്ല ക്ലാരിറ്റിയുള്ള നിലപാട്’, ജിന്റോ പറഞ്ഞു.

Exit mobile version