Site icon Fourteen Kerala – 14 Kerala News

പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

കാസര്‍കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കൽ വയലിലാണ് സംഭവം. ക്ഷീര കർഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്.

ഇദ്ദേഹത്തിന്‍റെ പശുവിനെയും ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. വയലില്‍ പശുവിനെ പുല്ല് മേക്കാനായി പോയതായിരുന്നു കുഞ്ഞുണ്ടൻ നായർ.ഏറെ നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പൊട്ടിവീണ വൈദ്യുതിക്കമ്പികളിൽനിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചിരുന്നു. തിരുവനന്തപുരം ആറ്റങ്ങലിൽ വീടിനുമുന്നിലെ സർവീസ് വയറിൽനിന്ന് വൈദ്യുതി പ്രവഹിച്ച് ആലംകോട് പൂവൻപാറ കൂരുവിളവീട്ടിൽ ലീലാമണി(87), സ്വന്തം തെങ്ങിൻതോപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതക്കമ്പി പൊട്ടിവീണ് പാലക്കാട് കൊടുമ്പ് ഓലശ്ശേരി പാളയം സ്വദേശി സി. മാരിമുത്തു (75), തോട്ടിൽ നീന്തുന്നതിനിടെ വൈദ്യുതക്കമ്പി പൊട്ടിവീണ് മലപ്പുറം വേങ്ങരയിലെ കണ്ണമംഗലം അച്ചനമ്പലം പുള്ളാട്ട് അബ്ദുൽ വദൂദ് (17) എന്നിവരാണ് മരിച്ചത്.

Exit mobile version