Site icon Fourteen Kerala – 14 Kerala News

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച നാല് ഗുണ്ടകൾ പൊലീസ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ നാല് ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി. ഫൈസൽ , റിയാസ് , ആഷിഖ് . നൗഫൽ  എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. ഇവരെ പോത്തൻകോട് പൊലീസിന് കൈമാറി.

തിരുവനന്തപുരം പോത്തൻകോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും, 17കാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8.30 ന് പോത്തൻകോട് വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. 

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പ്രതികൾ ഷായുടെ മുഖത്തടിച്ചു. പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയിൽ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. 

കാർ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ ഏഷ്യാനെറ്റിനോട് പറഞ്ഞു. ആക്രമികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Exit mobile version