Site icon Fourteen Kerala – 14 Kerala News

പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കോതമംഗലം : കുട്ടംപുഴ വടാട്ടുപാറ ഭാഗത്ത് ഇടമലയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഫായിസ് (22) എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശികളാണ് ഇരുവരും.
പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക.

ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു. പുഴയിലെ മണല്‍ത്തിട്ടയില്‍നിന്ന് ഫോട്ടോയെടുക്കാനും മറ്റും ധാരാളം ആളുകളെത്താറുണ്ട്.ചുഴിയും നല്ല ആഴവുമുള്ള മേഖലയിലാണിത്. പെട്ടെന്ന് ചുഴിയുണ്ടാകുമ്പോള്‍ മണല്‍തിട്ട അടര്‍ന്നുപോകും. സിദ്ധിക്കും ഫായിസും നിന്ന മണല്‍തിട്ട ഇത്തരത്തില്‍ അടര്‍ന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
രക്ഷിക്കാനുള്ള ശ്രമം വിഫലമായി. ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞതോടെ കോതമംഗലത്തുനിന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്.

Exit mobile version